April 26, 2026
  • April 26, 2026
Breaking News
  • Home
  • Uncategorized
  • കോടാലിയിലെ അൽജോയുടെ വീട്ടിൽ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ; തറ പൊളിച്ച് പരിശോധന

കോടാലിയിലെ അൽജോയുടെ വീട്ടിൽ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ; തറ പൊളിച്ച് പരിശോധന

By on April 24, 2026 0 196 Views
Share

 

തൃശൂര്‍: കോടാലിയില്‍ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസുകാരന്‍ മരിച്ച വീട്ടില്‍ പരിശോധന ശക്തമാക്കി. തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തുന്ന സാഹചര്യത്തില്‍ തറയുടെ ഒരു ഭാഗം പൊളിച്ചാണ് പരിശോധന നടത്തുന്നത്. പാമ്പിനെ പിടികൂടുന്ന സര്‍പ്പ ടീമിലെ പരിചയസമ്പന്നരായ ആളുകളാണ് പരിശോധന നടത്തുന്നത്. ശുചിമുറിയുടെ പൈപ്പിനകത്ത് കൂടെ പാമ്പ് കടക്കുന്നതാണെന്നാണ് സംശയിക്കുന്നത്. ഇതിന് സമീപത്തെ തറയുടെ ഒരു ഭാഗം പൊളിച്ചു നീക്കി പരിശോധിക്കാനാണ് ശ്രമം.

 

ഇന്നലെ അര്‍ധരാത്രിയില്‍ നടത്തിയ പരിശോധനയില്‍ ശുചിമുറിയില്‍ നിന്നും പാമ്പിനെ കിട്ടിയത്. അതിന് മുമ്പായി കിടപ്പുമുറിയില്‍ നിന്നും പാമ്പിനെ കിട്ടിയിരുന്നു. കുട്ടി മരിച്ചതിന് ശേഷം അഞ്ച് പാമ്പുകളെയാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്. കുട്ടിയെ കടിച്ച ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് അഞ്ച് തവണയും വീട്ടിനുള്ളില്‍ നിന്ന് കിട്ടിയത്.

തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ മക്കളായ അല്‍ജോ, അനോഷ് എന്നിവര്‍ക്കായിരുന്നു പാമ്പ് കടിയേറ്റത്. തലയിണയ്ക്കുള്ളിലുണ്ടായിരുന്ന പാമ്പായിരുന്നു ഇരുവരെയും കടിച്ചത്. രാത്രി ചൂട് കൂടിയത് കാരണം വീടിന്റെ ഹാളിലാണ് കുട്ടികള്‍ കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടന്നു. രാത്രി രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറ് വേദനിക്കുന്നു എന്ന് പറഞ്ഞ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.

വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങി എത്തിയ ശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്‍കി. പിന്നീട് പുലര്‍ച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പുകടിച്ചതായി കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലും അല്‍ജോയ്ക്ക് പാമ്പുകടിയേറ്റതായി വ്യക്തമായിരുന്നു. അതിനിടെ അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടെത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *