July 26, 2026
  • July 26, 2026
Breaking News
  • Home
  • Uncategorized
  • ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ പയറ്റി ജയിച്ച തന്ത്രം, കേരളത്തില്‍ പാളി, കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതികള്‍ പിടിയില്‍

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ പയറ്റി ജയിച്ച തന്ത്രം, കേരളത്തില്‍ പാളി, കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതികള്‍ പിടിയില്‍

By editor on July 26, 2026
0 42 Views
Share

തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ പയറ്റി വിജയിച്ച തന്ത്രവുമായി കേരളത്തിലും പണം തട്ടാനെത്തിയവർ ഒടുവില്‍ പൊലീസ് പിടിയില്‍.

മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎല്‍എ വിദ്യാബാലകൃഷ്ണനില്‍ നിന്ന് പണം തട്ടാൻ ശ്രമിച്ച ദില്ലി സ്വദേശികളാണ് പിടിയിലായത്. പ്രതികള്‍ എംപിമാരായ ഷാഫി പറമ്പിലിനേയും, ഡീൻ കൂര്യക്കോസിനേയും തട്ടിപ്പിനായി ലക്ഷ്യമിട്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. യുപി, രാജസ്ഥാൻ, ഹരിയാന, മാഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നടത്തിയ തട്ടിപ്പ് കേരളത്തിലും പയറ്റാനായിരുന്നു പ്രതികളുടെ പദ്ധതി. വൻ ആസൂത്രണവും തയ്യാറെടുപ്പും നടത്തിയെങ്കിലും ഏറ്റില്ല, അവസാനം കേരള പൊലീസിന്റെ പിടിയിലുമായി. ദില്ലി സ്വദേശികളായ ഗൗരവ്, നിഥിൻ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

സംസ്ഥാനത്ത് മന്ത്രിസഭാ പുനർസംഘടക്ക് സാധ്യതയുണ്ടെന്നും, പണം നല്‍കിയാല്‍ മന്ത്രി സ്ഥാനം ഉറപ്പാക്കാമെന്നും പറഞ്ഞാണ് എലത്തൂർ എംഎല്‍എ വിദ്യാ ബാലകൃഷ്ണനെ സംഘം ബന്ധപ്പെട്ടത്. ഈ മാസം 6 നായിരുന്നു സംഭവം. പ്രയങ്കാഗന്ധിയുടെ ഓഫീസില്‍ നിന്നാണെന്നും മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നാണ് ഇവർ അറിയിച്ചത്. വാട്സാപ്പിലൂടെ വീണ്ടും വിളിയെത്തിയതോടെ എംഎല്‍എ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് പ്രതികളെ വലയിലാക്കാൻ പദ്ധതിയൊരുക്കി. മോഷണം പോയതും, നഷ്ടപ്പെട്ടതുമായ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ രാഷ്ട്രീയ നേതാക്കളെ ബന്ധപ്പെട്ടിരുന്നത്. ഉയർന്ന വിദ്യഭ്യാസ യോഗ്യതകള്‍ ഉള്ളവരാണ് പ്രതികള്‍. തട്ടിപ്പിന് ലക്ഷ്യമിട്ടിരുന്ന ആളുകളുടെ മുഴുൻ വിവരങ്ങളും ഓണ്‍ലൈൻ വഴി ശേഖരിച്ചാണ് ബന്ധപ്പെട്ടിരുന്നത്.

എംപിമാരായ ഷാഫി പറമ്പിലിനേയും, ഡീൻ കൂര്യക്കോസിനേയും ബന്ധപ്പെട്ടതും ഇവരാണെന്ന് പൊലീസ് വ്യക്തമാക്കി. പണം നല്‍കിയാൻ ഉന്നത പദവി ഉറപ്പാക്കാമെന്നായിരുന്നു വാഗ്ദാനം. കേരളത്തിലെ കൂടുതല്‍ ജനപ്രതിനിധികളെ പ്രതികള്‍ സമീപിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വഞ്ചനാശ്രമം, ആള്‍മാറാട്ടം, ഐടി വകുപ്പ് എന്നിവ പ്രകാരമാണ് കേസ്.

 

 

Leave a comment

Your email address will not be published. Required fields are marked *