April 20, 2026
  • April 20, 2026
Breaking News
  • Home
  • Uncategorized
  • ദൃശ്യങ്ങള്‍ കണ്ടു, വളരെ മോശം പ്രവര്‍ത്തി, നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ തന്നെ’; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

ദൃശ്യങ്ങള്‍ കണ്ടു, വളരെ മോശം പ്രവര്‍ത്തി, നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ തന്നെ’; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

By editor on September 7, 2025
0 80 Views
Share

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങള്‍ താൻ കണ്ടുവെന്നും, ഉണ്ടായത് വളരെ മോശം പ്രവർത്തിയാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.

സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. പോലീസ് അതിക്രമം വളരെ മോശം പ്രവർത്തിയാണെന്നും നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ പരിധിയില്‍ വരുന്ന പ്രദേശമാണ് കുന്നംകുളമെന്നും എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന നോക്കട്ടെയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

 

അതേസമയം, കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ മർദിച്ച കേസില്‍ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്തു. ഉത്തരമേഖല ഐജിയുടേതാണ് നടപടി. പോലീസുകാർക്ക് സസ്‌പെൻഷൻ ശിപാർശ ചെയ്ത് തൃശൂർ ഡിഐജി നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജി നടപടിയെടുത്തത്.

 

എസ്‌ഐ നുഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവർക്കാണ് സസ്‌പെൻഷൻ. അതേസമയം, പോലീസുകാർക്കെതിരെ കനത്ത നടപടിയുണ്ടായേക്കാമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചിരുന്നു. നേരത്തെ നടപടി സ്വീകരിച്ചുവെന്നത് തടസ്സമാകില്ലെന്ന് നിയമോപദേശത്തില്‍ വ്യക്തമായിരുന്നു.

 

പോലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഐജി ഹരിശങ്കർ നല്‍കിയ റിപ്പോർട്ടും നിയമോപദേശവും പരിഗണിച്ച്‌ അച്ചടക്ക നടപടിയെടുക്കാനായിരുന്നു തീരുമാനം. പിരിച്ചുവിടുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാക്കി പൊലീസുകാർക്ക് നോട്ടീസ് നല്‍കി വിശദീകരണം കൂടി കേട്ട ശേഷമേ നടപടിയെടുക്കാൻ കഴിയൂ. അതേസമയം സസ്പൻഷൻ ശുപാർശയില്‍ തൃപ്തി ഇല്ലെന്നാണ് മർദനത്തിന് ഇരയായ സുജിത്ത് പ്രതികരിച്ചത്. തന്നെ മർദിച്ചത് അഞ്ച് പോലീസുകാരാണെന്നും അഞ്ചാമനായ പോലീസ് ഡ്രൈവർ സുഹൈറിനെതിരെ നടപടി എടുത്തിട്ടില്ലെന്നും സുജിത്ത് വ്യക്തമാക്കി. 5 പേരെയും സർക്കാർ സർവ്വീസില്‍ നിന്നും പിരിച്ച്‌ വിടണമെന്നും സുജിത്ത് ആവശ്യപ്പെട്ടു. എല്ലാ പോലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീം കോടതി കേസില്‍ കക്ഷിചേരുമെന്നും ജനങ്ങള്‍, പാർട്ടി നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും സുജിത്ത് പറഞ്ഞു. കുന്നംകുളം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുജിത്ത്. നടപടിയും അംഗീകരിക്കില്ലെന്ന് മർദനമേറ്റ സുജിത്ത് വ്യക്തമാക്കിയിരുന്നു.

 

കസ്റ്റഡി മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണുണ്ടായത്. 2023 ഏപ്രില്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. തൃശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നടന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറം ലോകത്തെത്താൻ വേണ്ടി വന്നത് മൂന്ന് വർഷം നീണ്ട നിയമ പോരാട്ടമായിരുന്നു. വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് യുവാവിന് നേരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെയാണ് പോലീസ് സ്റ്റേഷനില്‍ വെച്ച്‌ എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥർ ക്രൂരമായി തല്ലിച്ചതച്ചത്.

 

തൃശൂര്‍ ചൊവ്വന്നൂരില്‍ വെച്ച്‌ വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഷര്‍ട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയത്. സ്റ്റേഷനില്‍ എത്തിയത് മുതള്‍ മൂന്നിലധികം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടായിരുന്നു മര്‍ദനം. സ്റ്റേഷനില്‍ വെച്ച്‌ കുനിച്ചുനിര്‍ത്തി സുജിത്തിന്‍റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.

 

മർദനത്തിന് നേതൃത്വം നല്കിയതാവട്ടെ എസ്‌ഐ നുഹ്മാനും. ഒപ്പം മദ്യപിച്ച്‌ പ്രശമുണ്ടാക്കി പോലീസിനെ കയ്യേറ്റം ചെയ്തതായും കൃത്യ നിർവഹണം തടസ്സപ്പടുത്തിയതായും ആരോപിച്ച്‌ ഒരു കള്ളക്കേസ് കൂടി ചാർത്തി നല്‍കി. വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാല്‍ പിനീട് നടന്ന വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. കോടതിയുടെ നിർദേശം അനുസരിച്ച്‌ നടന്ന പരിശോധനയില്‍ പോലീസുകാരുടെ മർദനത്തിന് പിന്നാലെ സുജിത്തിന്‍റെ ചെവിയുടെ കേള്‍വി തകരാറിലായതായും കണ്ടെത്തി. പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. പിന്നീട് കോടതി നിർദ്ദേശപ്രകാരമെടുത്ത കേസിന്റെ വിചാരണ ഇപ്പോള്‍ നടക്കുകയാണ്. ഇതേത്തുടർന്നാണ് മൂന്ന് വർഷത്തിനിപ്പുറം വിവരാവകാശപ്രകാരം മർദ്ദന ദൃശ്യങ്ങള്‍ പരാതിക്കാരന് ലഭിച്ചത്.

 

സംഭവം പുറം ലോകമറിയുമെന്ന ഘട്ടമെത്തിയപ്പോള്‍ കേസ് ഒത്തുതീർപ്പാക്കാൻ ഉദ്യോഗസ്ഥർ നേരിട്ടും ഇടനിലക്കാർ വഴിയും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആക്രമണത്തിനിരയായ സുജിത്ത് ആരോപിച്ചു. സംഭവത്തില്‍ മഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു .

 

സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപ്പട്ടികയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് ഇന്ന് മാർച്ച്‌ സംഘടിപ്പിച്ചിരുന്നു. പ്രതികളില്‍ ഒരാളായ ശശിധരൻ എന്ന ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് കോണ്‍ഗ്രസ് മാർച്ച്‌ നടത്തിയത്. പ്രതിഷേധത്തിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഒരു പ്രവർത്തകന്റെ കൈയ്ക്ക് പരിക്കേറ്റു.

 

കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ പോലീസ് ഉദ്യോഗസ്ഥർ മർദിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തില്‍ ഇന്നലെ പ്രതിപക്ഷ നേതാവ് രൂക്ഷമായ ഭാഷയിലാണ് പ്രതികരണമറിയിച്ചത്. പ്രതികളായ നാല് ഉദ്യോഗസ്ഥർ കാക്കി ധരിച്ച്‌ വീടിന് പുറത്തിറങ്ങില്ലെന്നും, ഇതുവരെ കാണാത്ത സമരം കേരളം കാണുമെന്നുമാണ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സർക്കാരിന്റെ നടപടിക്കായി കാത്തിരിക്കുകയാണ്. സമരത്തിന്റെ ഫ്രെയിം കോണ്‍ഗ്രസ് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർദനത്തിന് ഇരയായ വി.എസ്. സുജിത്തിനെ വി ഡി സതീശൻ വീട്ടിലെത്തി നേരിട്ട് കാണുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് നേരിട്ട് പരാതി നല്‍കുകയും ചെയ്തു.

 

കസ്റ്റഡി മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് മർദനത്തിനിരയായ സുജിത്തിനെ കണ്ട് എല്ലാ പോരാട്ടത്തിനും പാർട്ടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. സെപ്റ്റംബർ 10 ന് കേരളത്തില്‍ ഉടനീളമുള്ള പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്ബില്‍ കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ സംഗമം നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *